Monday, 23 July 2012

മഴക്കാഴ്ച്ചകള്‍  
പുറത്ത് മഴ ഇപ്പോഴും തകര്‍ത്തു പെയ്യുകയാണ്.ഇന്നലെ തുടങ്ങിയതാണ് നിര്‍ത്താതെ പെയ്യുന്ന ഈ മഴ.പുതപ്പിനടിയില്‍ തണുത്ത വിറങ്ങലിച്ചു കിടക്കുമ്പോളും എനിക്ക് മഴയുടെ ആരവം കേള്‍ക്കാം. മെല്ലെ എഴുന്നേറ്റു ജനാല ‍ചില്ലിലൂടെ മഴ ആസ്വദിക്കാം എന്ന് വെച്ചാല്‍ ചില്ലിലൂടെ മൂടിക്കിടക്കുന്ന മഞ്ഞു മാത്രമേ കാണാനുള്ളൂ..

സര്‍വ്വ നാഡികളെയും തളര്‍ത്തിക്കൊണ്ട് തണുപ്പ് മേലാസകലം അരിച്ചു കയറുകയാണ്.ഈ നിമിഷം മഴ എനിക്ക് വെറുക്കപ്പെട്ടതാകുന്നു... വീണ്ടും എന്നെ പുതപ്പിനടിയിലേക്കു ഊളിയിടാന്‍ പ്രേരിപ്പിക്കുന്നു...പക്ഷേ പുതപ്പിനടിയിലും തണുത്തുറച്ച മഞ്ഞു കട്ടയുടെ മീതെ കിടക്കുന്ന പ്രതീതി. ക്ഷണിക്കപ്പെടാതെ വന്ന അതിഥിയെപ്പോലെ ഈ മഴ.ഇന്നെനിക്കു അലോസരം ഉണ്ടാക്കുന്നു

ഇല്ല.. എഴുന്നേറ്റെ മതിയാവൂ. ഉത്തരവാദിത്വ ബോധം എന്നിലെ അമ്മയെയും ഭാര്യയേയും തട്ടി ഉണര്‍ത്തി. ഇനി ഒരു നിമിഷം പോലും കളയാനില്ല.ചെയ്തു തീര്‍ക്കാനുള്ള കാര്യങ്ങള്‍ ഓരോന്നും മനസ്സില്‍ ഒരു ചാര്‍ട്ടിലെന്നപോലെ വന്നു നിറയുമ്പോള്‍ എങ്ങിനെ എഴുന്നേല്‍ക്കാതിരിക്കും? ഘടികാര സൂചി എനിക്കായി കാത്തു നില്‍ക്കുന്നേ ഇല്ല.പുതപ്പിനെ തട്ടി നീക്കി എഴുന്നേല്‍ക്കുമ്പോള്‍ വീണ്ടും മഴയെ പ്രാകിക്കൊണ്ടിരുന്നു.

അല്ലേലും കൂനിന്മേല്‍ കുരു എന്ന് പറയും പോലെയാണ് മഞ്ഞില്‍ മഴ പെയ്താല്‍ .പ്രാകുക തന്നെ ചെയ്തു പോകും എല്ലാരും...
ഇനി പ്രഭാതകൃത്യങ്ങള്‍ ഓരോന്നായി ചെയ്ത് തീര്‍ക്കണം....സായിപ്പ് പണിത കക്കൂസില്‍ വെള്ളത്തിന്‌ വഴി ഉണ്ടാക്കിയെങ്കിലും ചൂട് വെള്ളം കിട്ടാത്തതിന്റെ വിഷമം ഒന്ന് അനുഭവിച്ചു തന്നെ അറിയണം....രാവിലെ തന്നെ ഗുരുവായൂരപ്പനെ വിളിച്ചാ പാവം അങ്ങു കടലുകള്‍ക്കപ്പുറത്ത് ഗുരുവായൂരില്‍ നിറമാല നേരത്ത് എന്റെ വിളി എവിടെ കേള്‍ക്കാന്‍....!
ഈ തണുപ്പത്തും തണുപ്പോ എന്തു തണുപ്പ് എന്ന് ആശ്ചര്യപ്പെടുമ്പോലെ മക്കള് രണ്ടും ചാടി എഴുന്നേറ്റു TV ക്ക് മുന്‍പില്‍ ഇരിപ്പുറപ്പിച്ചു.... ഇവരെ സമ്മതിക്കണം..ഇതുങ്ങള്‍ക്കൊന്നും തണുപ്പും ഇല്ലേ ഭഗവാനേ ???

രാവിലത്തെ വീട്ടിനുള്ളിലെ ചക്രശ്വാസം വലിയും കഴിഞ്ഞു കുഞ്ഞുങ്ങളെയും പെറുക്കി പുറത്തേക്ക്.... ചുറ്റും ഒന്നും കാണാന്‍ വയ്യ.... കാലന്‍ കുടയ്ക്കുള്ളില്‍ കുഞ്ഞുങ്ങളെ ഒതുക്കി പിടിക്കുമ്പോള്‍ മഴത്തുള്ളികളെ തൊടാനും ഒന്ന് നനയാനും കൊതിക്കുന്ന അവരുടെ മനസ് ഞാന്‍ മനപൂര്‍വ്വം കാണാറില്ല....

എനിക്കറിയാം കാറിനുള്ളില്‍ സീറ്റ്‌ ബെല്‍റ്റ്‌ ഇട്ടു കെട്ടിവെയ്ക്കുമ്പോള്‍ നിയമത്തിന്റെ പേരില്‍ അവരുടെ സ്വാതന്ത്ര്യത്തെ ഞാന്‍ കെട്ടിയിടുകയാണെന്ന്.....

വീണ്ടും അകത്തേക്ക്....ചൂടുവെള്ളം എടുക്കാന്‍.... മൂടിക്കിടക്കുന്ന മഞ്ഞു പാളിയെ പെട്ടെന്ന് ഉരുക്കി മാറ്റാന്‍ ചൂട് വെള്ളം രക്ഷ......

ഈ മഞ്ഞിലും മഴയിലും റോഡ്‌ യാത്ര സ്വര്‍ഗത്തില്‍ പുഷ്പകവിമാനത്തില്‍ പോവുന്നത് പോലെയാണ്... സ്വര്‍ഗം തന്നെ.... പുഷ്പകവിമാനത്തില്‍ ഞാനും...ചുറ്റിലും പഞ്ഞിക്കെട്ടുകള്‍ പോലെ മഞ്ഞും.... മാലാഖകുഞ്ഞുങ്ങള്‍ കണ്ണിറുക്കും പോലെ നാലുപാടും വെളിച്ചം... അത് മാലഖയാണോ അതോ സ്വര്‍ഗത്തിന്റെ തോരണമോ എന്ന് അവ്യക്തം...മാലാഖ കുഞ്ഞുങ്ങല്‍ക്കിടയിലൂടെ അവരെ സ്പര്‍ശിക്കാതെ കാതങ്ങളോളം അങ്ങനെ.....മുന്നിലും പിന്നിലും വശങ്ങളിലുമായി അവരെന്നെ അനുധാവനം ചെയ്യുന്നു.....അവരെ സ്പര്‍ശിച്ചാല്‍ സ്വര്‍ഗത്തില്‍ സ്ഥിരതാമാസമാക്കുകയേ നിവൃത്തി ഉള്ളൂ....

വാഹനത്തിന്റെ വേഗതയില്‍ പിറകിലേക്ക് ഓടുന്ന പുറം കാഴ്ച്ചകള്‍ പോലെ എന്റെ‍ ഓര്‍മ്മകള്‍, പിന്നോട്ട് വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക്....എന്റെ കുട്ടിക്കാലം ....നാട്ടിലെ പ്ലാവിന്‍ ചുവട്ടില്‍ കൂട്ടിയിട്ട കരിയിലകള്‍ക്ക് തീയിട്ടു അതിനടുത്ത് കൂനിക്കൂടിയിരിക്കാറുള്ള എന്റെ രൂപം ഞാന്‍ ഓര്‍ത്തു.ഡിസംബറിലെ തണുപ്പ് പോലും പണ്ട് എനിക്ക് താങ്ങാന്‍ കഴിയാറില്ലായിരുന്നു.....
ആടിത്തിമര്‍ത്ത എന്റെ കുട്ടിക്കാലത്തിന്റെ ഒരു അംശം പോലും എന്റെ മക്കള്‍ക്ക്‌ കിട്ടുന്നില്ലല്ലോ എന്നോര്‍ക്കുമ്പോഴൊക്കെ മനസിലൊരു വിങ്ങലാണ്.....

തറവാട്ടില്‍ മഴപെയ്യുമ്പോള്‍ അത് കാണാന്‍ തന്നെ ഒരു രസമാണ്.... ഓട്ടിന്‍ പാളികളിലൂടെ ഒഴുകിയിറങ്ങുന്ന വെള്ളം...അതിന്ടെ താളം...മലയാളികളുടെ മനസ്സില്‍ ഇത്രത്തോളം ഗൃഹാതുരത്വം ഉണര്‍ത്തുന്ന വേറെ ഒരു ഓര്‍മയും ഉണ്ടാവില്ല... ചന്നം പിന്നം ഓട്ടിന്‍ പാളികളിലൂടെ മുറ്റത്തേക്ക്..

കുളത്തില്‍ മുങ്ങാംകുഴിയിടുന്ന മെലിഞ്ഞു നേര്‍ത്ത എന്റെ രൂപം ഇന്നും മനസിലുണ്ട്..... വല്ലാത്തൊരു പച്ചനിരമായിരുന്നു വെള്ളത്തിന്‌....കൂട്ടത്തില്‍ മഴയും കൂടെ വരുമ്പോള്‍ തകൃതി ആയി..... വെള്ളിലയില്‍ മഴപെയ്യുമ്പോള്‍ ഓരോ തുള്ളി യായി താഴേക്ക്‌ വീഴുന്ന മഴത്തുള്ളിക്ക് മരതകത്തേക്കാളും ശോഭയുണ്ടെന്നു എനിക്ക് എപ്പോഴും തോന്നാറുണ്ട്....

ഇടവഴിയിലെ നീരുരവയിലെ വെള്ളം അമൃതിനെക്കാളും നല്ലതാണെന്ന് ആരോപറഞ്ഞു കേട്ടിട്ട് ഞാനെത്രയോവട്ടം കോരിക്കുടിച്ചിരിക്കുന്നു....ഇടവഴിയിലൂടെ കുത്തി ഒലിക്കുന്ന വെള്ളത്തെ താളത്തില്‍ തട്ടി തട്ടി നടക്കുമ്പോഴും, കുഞ്ഞു നെറ്റ്യാപ്പൊട്ടനെ പിടിച്ചു കുപ്പിയിലാക്കി പുന്നാരിക്കുമ്പോഴും, മഴവെള്ളം നിറഞ്ഞ പുല്‍തണ്ട് കണ്ണില്‍ വരഞ്ഞാസ്വദിക്കുമ്പോഴും എന്റെ കുട്ടിക്കാലത്തിന്റെ ലാളിത്യത്തിന് നിറവേറെയായിരുന്നു.

അന്നത്തെ മഴക്കാലം വയലുകള്‍ നിറഞ്ഞു കവിഞ്ഞു പുഴയാവുന്ന കാലം കൂടി ആയിരുന്നു.....
വാഴത്തട കെട്ടി കൊച്ചു ചങ്ങാടമാക്കി കുട്ടേട്ടനോടോപ്പം അതില്‍ വലിഞ്ഞു കേറാന്‍ അന്ന് എന്തൊരു ധൈര്യമായിരുന്നു... നിറഞ്ഞു കവിഞ്ഞൊഴുകുന്ന വെള്ളത്തില്‍ നിലതെറ്റിയാല്‍ ഉണ്ടാകുന്ന ആപത്തൊന്നും മനസിനെ ഒട്ടും അലട്ടിയിരുന്നേ ഇല്ല...

ഒരിക്കല്‍ ഒരു കുഞ്ഞു തോണിയുമായി ഏതോ അപരിചിതന്‍ വിളിച്ചപ്പോള്‍ ഒന്നും ആലോചിക്കാതെ തോണിയില്‍ കയറിയതും, തിരിച്ചു വന്നപ്പോള്‍ അതിന് ഇളയച്ഛന്റെ വക കിട്ടിയ അടിയുടെ നേര്‍ത്ത നോവും ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു..

കുട്ടിക്കാലത്തെ മനസിന്റെ നന്മയും, നിറവും, ആത്മധൈര്യവും ഒക്കെ ഇന്ന് ചോര്‍ന്നു പോയിരിക്കുന്നു....തോന്നുന്നതെന്തും അപ്പോള്‍ തന്നെ ചെയ്യാനുള്ള തന്റേടവും മനക്കരുത്തും എങ്ങോനഷ്ട്ടപ്പെട്ടുപോയിരിക്കുന്നു....ഉത്തരവാദിത്വങ്ങള്‍ക്കിടയില്‍ ഒരു കൈത്താങ്ങുപോലും ഇല്ലാതെ നട്ടം തിരിയുന്ന നേരത്ത്, ഒരു നേരം...ഒരിത്തിരി നേരം കുട്ടിക്കാലത്തേക്ക് തിരിച്ചു പോവാന്‍ , ഒന്ന് നീണ്ട് നിവര്‍ന്നു വയല്‍ വരമ്പിലൂടെ നടക്കാന്‍ ഒരുപാട് കൊതിയാവുന്നു....

പക്ഷെ ഇപ്പോള്‍ നാട്ടിലേക്കുള്ള യാത്രയെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഒരു തരം നിര്‍വികാരതയാണ്‌. എന്റെ വരവും കാത്തു നാട്ടില്‍ ഒരു കൊന്നപോലും ഇന്ന് പൂക്കാന്‍ ഇല്ല.. ഞാന്‍ ആ നാട്ടില്‍ അന്യയായിരിക്കുന്നു... പണ്ട് കണ്ട നാട്ടിന്റെ നിഷ്കളങ്കമായ ചിരി പോലും എനിക്കായി കാത്തിരിക്കുന്നില്ല...
ഒരു പുല്‍ത്തരിപോലും ഞാന്‍ ആഗ്രഹിക്കുന്നത് പോലെ എന്നെ കാണാന്‍ ആഗ്രഹിക്കുന്നില്ല...

കുട്ടിക്കാലത്തിന്റെ ഓര്‍മകളില്‍ അതിന്റെ വേരുകള്‍ പോലും നഷ്ടപ്പെട്ട വേദനയാണ് എനിക്ക്.....തറവാടും, തൊടിയും, കുളവും,പശുക്കളും മുതല്‍ ഓടിനടന്ന വയലുകള്‍ പോലും നഷ്ടപ്പെട്ടു പോയിരിക്കുന്നു..... എങ്ങും പുതിയ മുഖങ്ങള്‍ മാത്രം....നയനമനോഹരമായ ആ പഴയ കാഴ്ച്ചകള്‍ ഓര്‍മകളില്‍ മാത്രം പൂത്തു കിടക്കുന്നു...

മുഖച്ഛായ നഷ്ടപ്പെട്ട, അല്ല ആത്മാവ് നഷ്ടപ്പെട്ട എന്റെ ഗ്രാമത്തില്‍ ഇന്ന് തുള്ളിക്കൊരു കുടമായി പെരുമഴ പെയ്യാറില്ലത്രേ....
പക്ഷേ ഇവിടെ എന്നോടൊപ്പം പെരുമഴ ഇന്നും ഉണ്ടെങ്കിലും ആത്മാവ് നഷ്ടപ്പെട്ട് ഒരു യന്ത്രത്തെപ്പോലെ മഴയെയും പ്രാകിക്കൊണ്ട്‌ ഞാന്‍. ഈ യാത്ര ഇവിടെ അവസാനിക്കുന്നില്ല...ഇനിയും കാതങ്ങളോളം ഇങ്ങനെ....24 comments:

 1. നിങ്ങള്‍ എല്ലാരും മഴയെ കുറിച്ച് ഇങ്ങനെ വാചാലമാകുന്നത് കൊണ്ടാവാം നാട്ടില്‍ പോയപ്പോള്‍ നല്ലൊരു മഴ കാണാന്‍ പറ്റാണ്ടായത് :-( എല്ലാം പോലെ മഴയും ഇനി ഓര്‍മകളില്‍ മാത്രമാകുമോ എന്നൊരു ഭയം ഇല്ലാതില്ല. ... ലിജി പറഞ്ഞത് പോലെ നാട്ടിലേക്കു പോകുമ്പോള്‍ ഒരു നിര്‍വികാരത ഈയിടയായി എനിക്കും അനുഭവപ്പെടാറുണ്ട്. ഇത്തവണ പോയപ്പോഴും ഒരു അപരിചിത്വം ഫീല്‍ ചെയ്തിരുന്നു. അടുത്ത സുഹൃത്തുക്കള്‍ എല്ലാം ജോലിക്കായി പല നാട്ടില്‍ ആയതു കൊണ്ടാവാം വീട്ടിന്നു പുറത്തേക്കു ഇറങ്ങാന്‍ പോലും തോന്നിയിരുന്നില്ല. മഴയുടെ രണ്ടു മുഖങ്ങള്‍ ഹൃദ്യമായി അവതരിപ്പിച്ച് ഗതകാല സ്മരണകളിലേക്ക് കൊണ്ട് പോയ മനോഹരമായ ഈ കുറിപ്പ് ഇഷ്ടായി.... ഈ നല്ല പോസ്റ്റിനു അഭിനന്ദനങ്ങള്‍.

  ReplyDelete
 2. വായിക്കുമ്പോ ശരിക്കും ഓടിട്ട വീട്ടിലെ മഴ കാണുന്നതു പോലെ തോന്നി!! കുളത്തിലെ വെള്ളത്തിന്‌ മേലെ മണിക്കൂറുകളോളം കിടന്നിരുന്നത് എഴുതാന്‍ മറന്നതോ എഴുതാതെ വിട്ടതോ?

  ReplyDelete
 3. ഗ്രാമീണ അന്തരീക്ഷത്തില്‍ വളര്‍ന്ന ഓരോരുത്തരുടേയും അനുഭവങ്ങള്‍ സ്വന്തം അനുഭവങ്ങള്‍ ആയിത്തോന്നുന്നു... എത്ര വട്ടം വായിക്കുംബോഴും കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ സന്തോഷങ്ങള്‍ ആയും, വായിച്ച്‌ കഴിയുംബോള്‍ ഒരിക്കലും തിരിച്ച്‌ കിട്ടാത്ത സങ്കടങ്ങള്‍ ആയും മാറുന്നു... അടച്ചാക്ഷേപിക്കാന്‍ കഴിയില്ലെങ്കിലും ‘ആത്മാവ്‌ നഷ്ടപ്പെട്ട ഗ്രാമങ്ങള്‍’ വല്ലാത്തൊരു വേദന തന്നെയാണ്‌..

  മുന്നെ എഴുതിയതില്‍ നിന്നും ഭയങ്കര മാറ്റം കാണുന്നു... ഇതിനൊരു പ്രൊഫഷണല്‍ ടച്ച് വന്നിട്ടുണ്ട്. കുറ്റം പറയാനൊന്നും കാണുന്നില്ല. തിരക്കുകള്‍ക്കിടയിലും ഇത്തരം സര്‍ഗ്ഗ സൃഷ്ടികള്‍ക്ക് സമയം കണ്ടെത്തുന്നത് അഭിനന്ദനാര്‍ഹം ! നന്മകള്‍ നേരുന്നു... !

  ReplyDelete
 4. അത്യുഗ്രന്‍...,.......പൊടിപൊടിച്ചു !!!!

  എനിക്കിത്തരം യാതൊരു നഷ്ടബോധവും തോന്നുന്നില്ലല്ലോ...അന്നത്തെ മഴയ്ക്ക് ഒരു മുഖം, ഇന്ന് കാണുന്ന മഴയ്ക്ക് വേറൊരു മുഖം.... രണ്ടും നല്ലത് തന്നെ...

  പിന്നെ ഗ്രാമാന്തരീക്ഷം നഗരത്തില്‍ കിട്ടുമോ ???

  അല്ല പിന്നെ.....

  ReplyDelete
 5. ഓര്‍മ്മകള്‍ നന്നായി ,മഴയും തണുപ്പും ഒക്കെ നമുക്ക് (പ്രവാസികള്‍ക്ക് )ഓര്‍ക്കാന്‍ മധുരിക്കുന്ന ഓര്‍മ്മകള്‍ ആണ് ...ലിജി ആശംസകള്‍

  ReplyDelete
 6. മഴ പ്രതീക്ഷയാണ്,പട്ടുനൂലിന്റെ നൈര്‍മല്യമുള്ള ഹൃദയേശ്വരിക്ക് ആലിംഗനത്തിന്റെ ആത്മകമ്പളം പുതയ്ക്കാന്‍കാത്തിരിക്കുന്ന പ്രിയതമനെകുറിച്ചുള്ള പ്രതീക്ഷയുടെ നീല ജലാശയം.ലിജീ നന്നായിട്ടുണ്ട്,,,ആശംസകള്‍

  ReplyDelete
 7. ഇത് വായിച്ചപ്പോള്‍ പെയ്തു തോര്‍ന്ന മഴയുടെ പിറകെ എത്തിയ ഒരു ഇളം തെന്നല്‍ ഏറ്റ പോലെ ഒരു ഫീലിംഗ്..!.എഴുത്ത് നിര്തരുതെ എന്ന് മാത്രമേ പറയാനുള്ളൂ...

  ReplyDelete
 8. നന്നായിട്ടുണ്ട്... ആശംസകള്‍..

  ReplyDelete
 9. കൊള്ളാം നന്നായിട്ടുണ്ട് സുഹൃത്തെ... ഇനിയും എഴുതുക....

  ഭാവുകങ്ങള്

  ReplyDelete
 10. മഴ ഇനിയും , പെയ്യട്ടെ ...
  ചീറി അലച്ചു , ഇടി മിന്നല്‍ അകമ്പടിയോടെ , ആശംസകള്‍

  ReplyDelete
 11. മഴയെ വായിച്ചു വായിച്ചു ഇപ്പോള്‍ മഴ എന്ന് കേട്ടാല്‍ പനി പിടിക്കും എന്നായിട്ടുണ്ട് .വിഷയവൈവിധ്യം പോസ്റ്റുകളില്‍ കൊണ്ട് വരാന്‍ ശ്രമിക്കൂ .നല്ല ഭാഷയാണ്‌ .ഹൃദ്യമായി പറയാന്‍ എത്ര വിഷയങ്ങള്‍ വേറെ യുണ്ട് .?അത് കൊണ്ട് പുതിയ വിഷയങ്ങളുമായി വരിക ..കാത്തിരിക്കുന്നു ..

  ReplyDelete
 12. വായനാ സുഖം നല്‍കുന്ന എഴുത്ത്. നല്ല ഭാഷയും.

  ReplyDelete
 13. ഈ വര്ഷം നേരെയൊരു മഴ കണ്ടില്ല....ഓര്‍മ്മകളിലേക്ക് ഒതുങ്ങിപ്പോയി മഴയും.തണുപ്പ് എന്താണെന്നറിയാന്‍ എ സി തന്നെ വേണ്ടി വരും.

  ReplyDelete
 14. നൊസ്റ്റാൾജിയ... അദ്ദന്നെ ... ഇഷ്ടപെട്ടു

  ReplyDelete
 15. ഒറ്റവാക്കില്‍ ഒതുക്കാന്‍ ഇഷ്ടപെടുന്നില്ല എങ്കിലും സമയം വലുതാണ് ,,അത് എനിക്ക് കുറച്ചേ ഉള്ളൂ ,,കുട്ടി കാലത്തേക്ക് കൂട്ടി കൊണ്ട് പോയ ചങ്ങാതി ,,,ആശംസകള്‍

  ReplyDelete
 16. മതുരിക്കുന്ന ഓര്‍മ്മകള്‍ മനോഹരമായ വാക്കുകള്‍..........////.......>.........
  ഇടവഴിയിലെ നീരുരവയിലെ വെള്ളം അമൃതിനെക്കാളും നല്ലതാണെന്ന് ആരോപറഞ്ഞു കേട്ടിട്ട് ഞാനെത്രയോവട്ടം കോരിക്കുടിച്ചിരിക്കുന്നു....ഇടവഴിയിലൂടെ കുത്തി ഒലിക്കുന്ന വെള്ളത്തെ താളത്തില്‍ തട്ടി തട്ടി നടക്കുമ്പോഴും, കുഞ്ഞു നെറ്റ്യാപ്പൊട്ടനെ പിടിച്ചു കുപ്പിയിലാക്കി പുന്നാരിക്കുമ്പോഴും, മഴവെള്ളം നിറഞ്ഞ പുല്‍തണ്ട് കണ്ണില്‍ വരഞ്ഞാസ്വദിക്കുമ്പോഴും എന്റെ കുട്ടിക്കാലത്തിന്റെ ലാളിത്യത്തിന് നിറവേറെയായിരുന്നു.

  ReplyDelete
 17. നല്ല വിവരണം
  മഴ പെയ്യട്ടെ ഇതുപോലെ

  ReplyDelete
 18. അക്ഷരങ്ങളുടെ ഫോണ്ട് ചെറുതല്ലേ?? കുറച്ച് വലുതാക്കിയാല്‍ നന്നാകും..

  ReplyDelete
 19. ഗൃഹാതുരത്വം കോറിയിട്ട പോസ്റ്റ്‌....ഇഷ്ടമായിട്ടാ....

  ReplyDelete
 20. ഗൃഹാതുരത്വം എന്നും എഴുത്തിന്റെ പ്രിയ വിഷയമാണല്ലോ.. വരികള്‍ മനോഹരമാണ്

  ReplyDelete
 21. ഒരു ഓര്‍മ്മപ്പെടുത്തല്‍.....; ഒപ്പം കുറെ നഷ്ട ബോധങ്ങളും.....

  ReplyDelete
 22. well written, ezhuthu nirutharuthu

  ReplyDelete
 23. കുട്ടിക്കാലത്തിന്റെ നല്ല ആവിഷ്കാരം....

  ReplyDelete